മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയില്‍ ഫേസ് ബുക്കിലൂടെ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍.
രാജ്യം ശ്രദ്ധിക്കുകയും ഒരുപാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പൊമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
‘സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം’ എന്നു തുടങ്ങുന്ന പോസ്റ്റില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മഞ്ജു പറഞ്ഞു.
ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ താന്‍ പൊമ്പിളൈ ഒരുമയ്‌ക്കൊപ്പമാണെന്നും മഞ്ജു വ്യക്തമാക്കി.