നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസനെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

ചെന്നൈ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസനെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്.

നടിയുടെ പേര് പുറത്തു പറയുന്നില്‍ തെറ്റില്ലെന്നും ദ്രൗപതി എന്നു വിളിക്കണമെങ്കില്‍ അങ്ങനെയാകാമെന്നും, എന്നാല്‍ പെണ്ണ് എന്നു വിളിക്കരുതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

നടിയുടെ കാര്യം മാത്രമല്ല, സമൂഹത്തില്‍ നമ്മുടെ ചുറ്റുപാടും നില്‍ക്കുന്ന എല്ലാ സ്ത്രീകളും തനിക്ക് പ്രധാനപ്പെട്ടവരാണ്. അവര്‍ക്കെന്തങ്കിലും സംഭവിക്കാന്‍ അനുവദിക്കില്ല. അതു നമ്മുടെ കടമയാണ്. നടി ആയതുകൊണ്ടു മാത്രമല്ല അവരെ പിന്തുണയ്ക്കുന്നതെന്നും കമല്‍ഹാസന്‍ അറിയിച്ചിരുന്നു.

തമിഴ് ടെലിവിഷനില്‍ കമല്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയില്‍ മാധ്യമങ്ങളെ കണ്ടപ്പോളായിരുന്നു നടന്റെ പ്രതികരണം.

ഇതിനു പിന്നാലെയാണ് പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ ഉലക നായകനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.

Top