പ്രശ്‌നം വേഗം പരിഗണിക്കണം ;തുല്യനീതിക്കായുള്ള പോരാട്ടമാണ് ഡബ്ല്യുസിസിയുടേതെന്ന് പത്മപ്രിയ

കൊച്ചി : താരസംഘടനയായ അമ്മയും വിമന്‍ ഇന്‍ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്‌നം വേഗം പരിഗണിക്കുന്നതാണ് സിനിമയ്ക്കു ഗുണകരമാകുകയെന്ന് നടി പത്മപ്രിയ.

വനിതാക്കൂട്ടായ്മയുടേതു ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്കുമായുള്ള പോരാട്ടമാണ്. ‘അമ്മ’യ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു.

ഡബ്ല്യുസിസിയുടെ നിലപാടുകളെ നടന്‍ കമല്‍ഹാസന്‍ പിന്തുണച്ചതില്‍ നന്ദിയും സന്തോഷവുമുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍, ഭാവന, രമ്യാനമ്പീശന്‍ എന്നിവര്‍ രാജി വയ്ക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

ഇതിനു ശേഷം വീണ്ടും ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യക്ക് ഒപ്പം ഡബ്ല്യൂ.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍വതി, രേവതി,പത്മപ്രിയ എന്നിവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു.

Top