ഹര്‍ത്താല്‍ ആര് നടത്തിയാലും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്നവരും ന്യായമായ കാര്യത്തിന് ഹര്‍ത്താല്‍ ആകാം എന്ന് കരുതുന്നവരും ധാരാളമുണ്ട് കേരളത്തില്‍. ഇവരില്‍ ആരുടെ ഭാഗത്താണ് നടി പാര്‍വതിയെന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ആക്രമണത്തില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷാഫിക്ക് പരിക്കേറ്റതും കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതിനെതിരെ പ്രതികരിക്കാത്ത പാര്‍വതി ഇപ്പോള്‍ അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ രംഗത്ത് വന്നത് എന്തായാലും നല്ല ഉദ്യേശത്തിനല്ലന്ന് തന്നെ കരുതേണ്ടി വരും.
ജമ്മു കശ്മീരില്‍ പിച്ചിചീന്തപ്പെട്ട പാവം ബാലിക ആസിഫ കേരളത്തിന്റെയും മറക്കാത്ത ഓര്‍മ്മയാണ്. ജാതി-മത-രാഷ്ട്രിയ ഭേദമന്യേ ബഹുഭൂരിപക്ഷം കേരളീയരും ഞെട്ടലോടെയാണ് ഈ സംഭവം നോക്കി കണ്ടത്.
ഇതിനെതിരെ പ്രതികരിക്കാന്‍ ഹര്‍ത്താല്‍ നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. അത് പക്ഷേ മുന്‍കൂട്ടി പ്രഖ്യാപിച്ചാകണമായിരുന്നു. അവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നത് സത്യം തന്നെ.
അതേ സമയം കടകള്‍ തുറക്കാതെയും വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെയും സ്വയം പ്രതിഷേധത്തിന്റെ ഭാഗമാകുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നതും കാണാതിരിക്കാനാവില്ല.
പ്രതിഷേധിക്കാനും ഹര്‍ത്താല്‍ നടത്താനും ഒരു കൊടിയുടെയും പിന്‍ബലം വേണ്ട എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താല്‍. സംഘര്‍ഷവും വര്‍ഗ്ഗീയ ചേരിതിരിവും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കര്‍ശന നടപടി പൊലീസ് സ്വീകരിക്കുക തന്നെ വേണം. മുന്‍ കരുതലെടുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ഏത് ഹര്‍ത്താലിന്റെ മറവിലും എന്ന പോലെ ഇപ്പോള്‍ നടന്ന ഹര്‍ത്താലിന്റെ മറവിലും മുതലെടുപ്പ് നടത്തുന്ന വിഭാഗങ്ങള്‍ ഉണ്ടായേക്കാം. അക്കാര്യത്തില്‍ പൊതു സമൂഹവും ജാഗ്രത പാലിക്കണം.
‘പ്രതിഷേധത്തിന്റെ പുറത്ത് ഇപ്പോള്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ് ‘ എന്ന് പറയുന്ന പാര്‍വതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന യുവാവിനെ മര്‍ദിച്ചതും തെമ്മാടിത്തരമാണെന്ന് പറയാന്‍ തയ്യാറാവണമായിരുന്നു.
ആ സന്ദേശവും എത്രയും പെട്ടന്ന് ആളുകളില്‍ എത്തിക്കാന്‍ ആഹ്വാനം ചെയ്യണമായിരുന്നു. അതല്ലാതെ പെട്ടന്ന് ജനസ്‌നേഹം മൂത്ത് ഇത്തരം അഭിപ്രായ പ്രകടനം നടത്തിയത് എന്തായാലും അനുചിതമായിപ്പോയി.
മികച്ച ‘അഭിനയം’ ഒക്കെയാവാം അത് സിനിമയിലാണെങ്കില്‍ കയ്യടി കിട്ടും പക്ഷേ ജീവിതത്തിലാണെങ്കില്‍ എല്ലാ വശവും പരിശോധിച്ചു വേണം പ്രതികരിക്കാന്‍. പ്രത്യേകിച്ച് ‘നിഷ്പക്ഷത’ വിലയിരുത്തലുകളില്‍ അനിവാര്യമാണ്.
Hooliganism in the name of protest! Roads blocked and people abused on roads from Calicut airport- Chemmad- Kodinji-Tanur. Please pass the message and stay safe! The police force has been intimated and they are making arrests I hear. Please share updates here
— Parvathy T K (@parvatweets) April 16, 2018
ഒരു നടിയെന്ന നിലയില്‍ തന്റെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പരിഗണന വ്യക്തി ‘താല്‍പ്പര്യങ്ങള്‍ക്കായി’ ഉപയോഗപ്പെടുത്തുന്നത് ഉചിതമാണോ എന്ന് സ്വയം പരിശോധിക്കുന്നതും നല്ലതായിരിക്കും.
Team Express Kerala