ബന്ധം വേര്‍പിരിയും എന്ന് പറഞ്ഞവര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാനില്ല! പ്രിയങ്ക ചോപ്ര

വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു മാതൃകയാക്കാന്‍ കഴിയുന്ന നവ ദമ്പതികളാണ് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും. പ്രിയങ്കയേക്കാള്‍ 10 വയസ്സ് കുറവാണ് നികിന്, വിവാഹ സമയത്ത് പലരും പ്രിയങ്കയെ കളിയാക്കി. നിക്കിനും സമാന രീതിയില്‍ എതിര്‍ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നു. മാത്രമല്ല ഇരുവരുടേയും ദാമ്പത്യ ജീവിതം പെട്ടന്ന് തകരുമെന്ന് പല മാധ്യമങ്ങളും വിധിയെഴുതി.

വരുന്ന ഡിസംബറില്‍ ഈ നവദമ്പതികള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. ഈ വേളയില്‍ വിവാഹത്തെ എതിര്‍ത്തവര്‍ക്കും കുറ്റം പറഞ്ഞവര്‍ക്കും കിടിലന്‍ മറുപടി നല്‍കുകയാണ് പ്രിയങ്ക. താനും ഭര്‍ത്താവും ഇതുവരെ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ജീവിച്ചിരുന്നത്. തങ്ങളുടെ ജീവിതം വിജയിക്കാനുള്ള കാരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹത്തിന് മുന്നേ രണ്ടു പേര്‍ക്കും തമ്മില്‍ ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. വിവാഹ ശേഷവും അത് തുടര്‍ന്ന് പോരുന്നു. രണ്ടുപേരും അവരുടെ മേഖലകളില്‍ തിരക്കുള്ളവരാണ്. എന്നിട്ടും പരസ്പരം കാര്യങ്ങള്‍ തുറന്നു പറയാന്‍ ഇരുവരും സമയം കണ്ടെത്താറുണ്ട്. രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും എന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്റെ ആഗ്രഹമെന്താണെന്ന് മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഞങ്ങളുടെ പ്രൊഫഷന്‍ വളരെ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് ഞങ്ങള്‍ വിജയിച്ചത്. ഞങ്ങള്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

മെറ്റ് ഗാല വേദിയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീട് ഇരുവരും ഡേറ്റിങ്ങിലായി. 2018 ഡിസംബര്‍ ഒന്നിന് ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായി.

Top