കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഓഗസ്റ്റ് മൂന്നിന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. അതിനാല്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നതിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ദിലീപ് ആരോപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്കും മാറ്റി.
അതേസമയം , കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മന:പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.