ഡല്‍ഹി: ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായ സംഭവത്തില്‍ പോലീസിന് നന്ദി പറഞ്ഞ് നടി രശ്മിക മന്ദാന. ഡല്‍ഹി പോലീസ് ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും മോര്‍ഫ് ചെയ്യുന്നതും തെറ്റാണെന്നും രശ്മിക മന്ദാന പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘ഉത്തരവാദികളായവരെ പിടികൂടിയ ഡല്‍ഹി പോലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെ സ്നേഹത്തോടെ സ്വീകരിച്ച, പിന്തുണയ്ക്കുകയും പരിചരിക്കുകയും ചെയ്ത സമൂഹത്തിന് ആത്മാര്‍ഥമായി നന്ദി പറയുന്നു.പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും-നിങ്ങളുടെ സമ്മതമില്ലാതെ എവിടെയെങ്കിലും നിങ്ങളുടെ ചിത്രം ഉപയോഗിക്കുകയോ മോര്‍ഫ് ചെയ്യുകയോ ചെയ്യുകയോ ചെയ്യുന്നത് തെറ്റാണ്.നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിന്റേയും നടപടിയുണ്ടാകും എന്നതിന്റെയും ഓര്‍മ്മപ്പെടുത്തലാണിത്’, രശ്മിക പറഞ്ഞു.