കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ റിമ കല്ലിങ്കലിനെ സിപിഎം പരിഗണിക്കുമെന്ന് സൂചന. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ വളരെ സജീവമായ ഹൈബി ഈഡനില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാന്‍ താരപരിവേഷം അനിവാര്യമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിപിഎം എറണാകുളം ജില്ലാ നേതൃത്വം റിമാ കല്ലിങ്കലിനെ പരിഗണിക്കുന്നതത്രെ.
റിമയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്താകമാനമുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും യുവജന സമൂഹത്തിനും ആവേശം പകരുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.
ഏതെങ്കിലും പ്രത്യേകമണ്ഡലത്തില്‍ റിമയെ പരിഗണിക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണത്തിന് സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും അവരെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് എല്ലാവശവും പാര്‍ട്ടി പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് ഒരു ഉന്നത സിപിഎം നേതാവ് നല്‍കിയത്.
എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍കോളേജ് യൂണിയന്‍ ചെയര്‍മാനും, പ്രമുഖസംവിധായകനുമായ ആഷിഖ് അബുവിന്റെ ഭാര്യയാണ് റിമ കല്ലിങ്കല്‍. പൊതു വിഷയങ്ങളിലിടപെട്ട് റിമ കല്ലിങ്കലും ആഷിഖ് അബുവും ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സിപിഎം വേദികളിലും ഈ താരകുടുംബം സജീവമാണ്. അടുത്തയിടെ കൊച്ചിയില്‍ സിപിഎം വനിതാ സംഘടനായായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റില്‍ സജീവ സാന്നിധ്യമായിരുന്നു റിമ കല്ലിങ്കല്‍. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളന ചടങ്ങില്‍ ആഷിഖ് അബുവും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
മുന്‍ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി ചാര്‍ജെടുത്ത സമയത്ത് ഇവര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന റിമ കല്ലിങ്കലിന്റെ നടപടി വിവാദമായിരുന്നു. ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം പരാമര്‍ശിച്ച് ‘കേരളത്തില്‍ ഇനി ഒരു പെണ്‍കുട്ടിക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്ന്’ വ്യക്തമാക്കിയായിരുന്നു വിവാദ പോസ്റ്റ്.
ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്കെതിരായ ജനരോക്ഷം ആളിക്കത്തിക്കാന്‍ ‘എന്റെ വക അഞ്ഞൂറ്’ എന്നു പറഞ്ഞ് ഫേസ്ബുക്കില്‍ ആഷിഖ് അബു പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.
മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായ ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനേയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഎം അണികളിലും ശക്തമാണ്.