വീരപ്പന്‍ വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. അഭിനേത്രിയായ രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ തമിഴ് സാഹിത്യകാരനും ആദവന്‍ ദീക്ഷണ്യയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജയലളിത സര്‍ക്കാര്‍ ഒരു ആദിവാസി ഗ്രാമത്തോട് ചെയ്ത ക്രൂരതയും അതിന് ഇരയായ സ്ത്രീകള്‍ നടത്തിയ ചെറുത്തു നില്‍പ്പുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രീകരണം ഇതുവരെയും ആരംഭിച്ചിട്ടില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ഭരണകൂടവേട്ടകളിലൊന്നായിരുന്നു വാച്ചാത്തിയില്‍ അരങ്ങേറിയത്. 1992 ജൂണ്‍ 20 നു വീരപ്പന്‍ വേട്ടയുടെ മറവില്‍ വാച്ചാത്തിയില്‍ ആദിവാസി ഗ്രാമത്തിലേക്ക് വനംവകുപ്പിലെയും പൊലീസിലെയും 269 ഉദ്യോഗസ്ഥര്‍ സായുധരായി പാഞ്ഞെത്തി. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും 154 ഓളം വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങളെയും ചുട്ടുകൊന്നു. സ്ത്രീകള്‍ കൂട്ടബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തോളം അവിടെ തങ്ങിയ ഉദ്യോഗസ്ഥ സംഘം ആ ഗ്രാമത്തെ അഗ്‌നിക്കിരയാക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 133 ഗ്രാമീണരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഗ്രാമീണര്‍ വഴിയാണ് ഈ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇക്കഴിഞ്ഞ സെപ്തംബര്‍ 29 ന് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷ ശരിവെച്ചു.