താൻ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഷക്കീല. “എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല. എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല”. ക്രിസ്മസ് റിലീസായെത്തുന്ന ബയോപിക് ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഭാവിയിൽ സിനിമയിലേക്ക് വരുന്നവരോട് പറയാൻ ആഗ്രഹിക്കുന്നത് താൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണെന്ന് ഷക്കീല പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. “ഞാൻ സിനിമ കണ്ടു. സിനിമയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ട്. അതില്‍ അതിയായ സന്തോഷവുമുണ്ട്” ഷക്കീല പറഞ്ഞു. തന്റെ 16-ാം വയസ്സിൽ സിനിമാജീവിതം ആരംഭിച്ച ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ചിത്രത്തില്‍ റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്. ഷക്കീലയെന്ന താരത്തിന്‍റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്‍റെ വാദം.