ചെന്നൈ: തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.
‘എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസ്സില്‍ ഒരിഷ്ടമുണ്ട്. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.’ – അവര്‍ വ്യക്തമാക്കി.
‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല- ഷക്കീല കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചു. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായ നടി ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസാണ് ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.