ഒരു സിനിമയുടെ പ്രതിഫലമെങ്കിലും താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: ഷീല

കൊച്ചി: മലയാള സിനിമാ താരങ്ങള്‍ക്കെതിരെ നടി ഷീല. ഒരു സിനിമയുടെ പ്രതിഫലമെങ്കിലും താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണമായിരുന്നുവെന്ന് നടി പ്രതികരിച്ചു. സംഭാവന നല്‍കാന്‍ താരനിശ നടത്തി പണം കണ്ടെത്തണമെന്നും ഷീല ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇവര്‍ 5 ലക്ഷം രൂപ കൈമാറി.

മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍പോളിയും 25 ലക്ഷം വീതം നല്‍കിയിരുന്നു. താരസംഘടനയായ അമ്മ ആകെ 50 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട്ടില്‍ നിന്നും നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് വലിയ ചെലവു ചുരുക്കല്‍ നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക അച്ചടക്കമാണ് സംസ്ഥാനത്ത് ഉണ്ടാവുക. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും മാറ്റിവയ്ക്കും. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റും.

പുനര്‍ നിര്‍മ്മാണത്തിന്‍ 20,000 കോടി രൂപ വേണം. നഷ്ടപരിഹാരത്തിനും റോഡ് നിര്‍മ്മാണത്തിനും മാത്രമായി 5000 കോടി രൂപയാണ് വേണ്ടത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞു.

Top