മോന്‍സന്റെ കള്ളപ്പണം ഇടപാട്; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. ഇവര്‍ മോന്‍സന്റെ പിറന്നാളിനു നൃത്തം ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

മോന്‍സന്റെ സാമ്പത്തിക ഉറവിടങ്ങളും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ഇവരെ ചോദ്യം ചെയ്യുന്നത്. മോന്‍സനെതിരെ പരാതി നല്‍കിയവരെ ഉള്‍പ്പടെ അന്വേഷണ സംഘം ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നുണ്ട്. മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായും നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Top