കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്വൊട്ടേഷന്‍ സാധ്യത സ്ഥിരീകരിച്ച് നടിയുടെ മൊഴി.
വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പൊലീസിന് മൊഴിനല്‍കി
സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനെത്തെ ഫ്‌ലാറ്റിലെത്തി ഉപദ്രവിക്കുമെന്നും നടിയോട് പറഞ്ഞു. ഇവിടെ 20 പേരുണ്ടെന്നും നടിക്ക് മുന്നറിയിപ്പ് നല്‍കി.
പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.
അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനിയെ രക്ഷപെടാന്‍ സഹായിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റുപ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
സംഭവ ശേഷം പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം കൃത്യത്തിന് ശേഷം ഇവര്‍ ആലപ്പുഴ കാക്കാഴത്ത് എത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പള്‍സര്‍ സുനിയിലേക്ക് എത്താനുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവമുണ്ടായി രണ്ടുമണിക്കൂര്‍ തികയുംമുമ്പാണിത്. അതിനുശേഷം സുനിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളായി സുനി പാടിവട്ടത്തെ നിര്‍മാതാവിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഈ യൂണിറ്റില്‍നിന്ന് വിട്ട വാഹനത്തിലാണ് നടി സഞ്ചരിച്ചത്.
മാര്‍ട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗത്വവുമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. സുനിക്ക് ഒരു നടന്റെ ഫാന്‍സ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം പള്‍സര്‍ സുനി രക്ഷപ്പെട്ടതില്‍ നിര്‍മാതാവ് ആന്റോ ജോസഫിനു പങ്കില്ലെന്നും സുനിയെ ആന്റോ ജോസഫ് വിളിച്ചത് പൊലീസ് സാനിധ്യത്തിലാണെന്നും പി ടി തോമസ് പറഞ്ഞു.