ഓറിയന്റും സ്വന്തമാക്കി അദാനി; ഒരു വര്‍ഷത്തിനിടെ നാലു സിമന്റ് കമ്പനികള്‍ സ്വന്തമാക്കി

അംബുജ, എസിസി, സംഘി എന്നീ വന്‍കിട സിമന്റ് കമ്പനികള്‍ ഒരുവര്‍ഷത്തിനിടെ ഏറ്റെടുത്തിന് പിന്നാലെ ഓറിയന്റിനെക്കൂടി കൂടെക്കൂട്ടാന്‍ അദാനിയുടെ നീക്കം. വ്യവസായി സി.കെ ബിര്‍ള ഇതിനായി ഗൗതം അദാനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൈവശമുള്ള പ്രൊമോട്ടര്‍ ഓഹരികള്‍ അദാനിക്ക് കൈമാറാനാണ് തീരുമാനമെന്നറിയുന്നു. വിമാനത്തവാളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയോടൊപ്പം ഖനികളും സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ അദാനി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലും ആധിപത്യം ഉറപ്പിക്കുന്നു. വികസനത്തിന് നിര്‍ണായക സാന്നിധ്യമുള്ള സിമന്റ് വ്യവസായത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിപ്പോള്‍.

ദക്ഷിണേന്ത്യയിലെ എസിസിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഏറ്റെടുക്കല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഉത്തര കര്‍ണാടകയിലെ വാദിയില്‍ എസിസിക്ക് നിര്‍മാണ പ്ലാന്റ് ഉണ്ട്. അതേ പ്രദേശത്തെതന്നെ ചിറ്റാപ്പൂരിലാണ് ഓറിയന്റ് സിമന്റ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ എസിസിയുടെ അടിത്തറ വിപുലമാക്കാന്‍ ഏറ്റെടുക്കല്‍ സഹായിക്കും.

ഗുജറാത്തിലെ കച്ചില്‍ സംഘിപുരത്തുള്ള സംഘി ഇന്‍ഡസ്ട്രീസിന്റെ സംയോജിത നിര്‍മാണ യൂണിറ്റ് ഇന്ത്യയിലെതന്നെ ഏറ്റവും വലുതാണ്. പ്ലാന്റിന് അടുത്തുതന്നെ ഒരു ബില്യണ്‍ ടണ്‍ ചുണ്ണാമ്പുകല്ല് ശേഖരവുമുണ്ട്. ഈ പ്ലാന്റില്‍നിന്ന് അവരുടെതന്നെ തുറമുഖ സൗകര്യം പ്രയോജനപ്പെടുത്തി ദക്ഷിണ ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലേയ്ക്ക് സിമന്റ് കൊണ്ടുപോകാന്‍ കഴിയും. 2028ഓടെ 140 ദശലക്ഷം ടണ്‍ നിര്‍മാണ ശേഷി കൈവരിക്കാനാണ് അദാനി ലക്ഷ്യമിടുന്നത്. വിപണിയിലെ മുന്‍നിരക്കാരായ അള്‍ട്രടെകിന് ഇതിനകം 140 ദശലക്ഷം ടണ്‍ നിര്‍മാണ ശേഷിയുണ്ട്.

അടിസ്ഥാന സൗകര്യമേഖലയില്‍ സര്‍ക്കാര്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ സിമന്റ് ആവശ്യം വര്‍ധിക്കുമെന്ന് അദാനിക്കറിയാം. റോഡുകള്‍, ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, വന്‍കിട കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വന്‍തോതില്‍ സിമന്റ് ആവശ്യമാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന രാജ്യംകൂടിയാണ് ഇന്ത്യ. എന്നാല്‍ പ്രതിശീര്‍ഷ ഉപഭോഗം ചൈനയുടെ 1,600 കിലോഗ്രാമിനെ അപേക്ഷിച്ച് 250 കിലോഗ്രാം മാത്രമാണ്. രാജ്യത്തെ ജിഡിപിയുടെ 1.2-1.5 മടങ്ങ് ദീര്‍ഘകാല ശരാശരി വളര്‍ച്ചയാണ് ഈ മേഖലയില്‍നിന്ന് അദാനി പ്രതീക്ഷിക്കുന്നത്. ഗൗതം അദാനിയെ സിമന്റ് ബിസിനസിലേക്ക് ആകര്‍ഷിച്ചതും അതുതന്നെയാണ്. ആദ്യംതന്നെ വലിയ ഏറ്റെടുക്കല്‍ നടത്തി രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഉത്പാദകരാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Top