രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരു പോലെ ബഹുമാനിക്കുന്ന ഒരു വ്യവസായി ഉണ്ടെങ്കിൽ അത് രത്തൻ ടാറ്റയാണ്. സ്വാർത്ഥ താൽപ്പര്യങ്ങളില്ലാതെ രാജ്യ താൽപ്പര്യത്തിനും പാവങ്ങൾക്കും ഒപ്പം എക്കാലത്തും നിൽക്കുന്നു എന്നതാണ് രത്തൻ ടാറ്റായെ മറ്റു വ്യവസായികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാരെന്ന ചോദ്യത്തിന് മുകേഷ് അംബാനിയെന്നാണ് ഉത്തരം.
ലോകത്തെ അതിസമ്പന്നരുടെ പട്ടിക ബ്ളൂംബർഗ് പുറത്ത് വിട്ടപ്പോൾ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമതാണ് മുകേഷ് അംബാനിയുടെ സ്‌ഥാനം. 99.7 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്‌തി. തൊട്ടുപിന്നിൽ ഗൗതം അദാനിയാണ്. ഒൻപതാം സ്‌ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്‌തി 98.7 ബില്യൺ ഡോളറാണ്.
എന്നാൽ മുകേഷ് അംബാനി ഗൗതം അദാനി തുടങ്ങിയ ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ തലയയുര്‍ത്തി നില്‍ക്കുമ്പോള്‍ ഈ പട്ടികയിലൊന്നും ഇടംപിടിക്കാത്ത മീഡിയ ഫ്‌ളാഷുകളില്‍ ആകൃഷ്ടനാകാത്ത വ്യവസായിയാണ് രത്തന്‍ ടാറ്റ. മുകേഷ് അംബാനിയുടെയും രത്തൻ ടാറ്റയുടെയും വരുമാനം തമ്മിൽ താരതമ്യം ചെയ്‌താൽ മുകേഷ് അംബാനിയേക്കാൾ മുന്നിലാണ് ടാറ്റ. എന്നാൽ അദ്ദേഹം ഇതുവരെ കോടിശ്വരന്മാരുടെ പട്ടികയിൽ ഉൾപെട്ടിട്ടില്ല അല്ലെങ്കിൽ രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയുമല്ല.
1937-ൽ ജനിച്ച രത്തൻ ടാറ്റ 1961-ൽ ആണ് നേവൽ ടാറ്റ കമ്പനിയിൽ ചേർന്നത്. ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ ഇളയ പുത്രനായ രത്തൻജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റ. രത്തൻ ടാറ്റയ്ക്ക് 10 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. തുടർന്ന് അദ്ദേഹത്തെ വളർത്തിയത് മുത്തശ്ശി നവാജ്ബായ് ടാറ്റയാണ്. 1991 ജെ ആർ ഡി ടാറ്റ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോൾ രത്തൻ ടാറ്റ ആ സ്ഥാനം ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ സൺസിന്റെ ഓവർലാപ്പിംഗ് യൂണിറ്റുകൾ സമന്വയിപ്പിച്ചു, കൊറിയൻ കമ്പനിയായ ഡേവൂ, ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്ലി ടീ, ജാഗ്വാർ, ലാൻഡ് റോവർ, സ്റ്റീൽ മേക്കർ കോറസ് ഗ്രൂപ്പ് എന്നിവയൊക്കെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.
സോഷ്യല്‍മീഡിയയും മാധ്യമങ്ങളും അംബാനി കുടുംബത്തിന്റെ കഥകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോള്‍ ഇന്ത്യയിലേറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന് ധരിച്ചുവെച്ചിരിക്കുന്നവരുണ്ട്. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അനുമാനത്തില്‍ രത്തന്‍ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് തന്നെയാണ് ഏറ്റവും സമ്പന്നം.
ഏകദേശം വ്യക്തിഗത ആസ്തിയായി 7400 കോടിയുണ്ടായിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല എന്നതാണ് കൗതുകകരം. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 പ്രകാരം രത്തൻ ടാറ്റയേക്കാൾ സമ്പന്നരായ 432 ഇന്ത്യക്കാരുണ്ട്. ഏകദേശം ആറ് പതിറ്റാണ്ടായി ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളിലൊന്ന് നയിച്ച ഒരു വ്യക്തി ഇപ്പോഴും അതിന്റെ കമ്പനികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടും ഏറ്റവും മികച്ച 10 അല്ലെങ്കിൽ 20 സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളില്‍ എന്തായാലും രത്തന്‍ ടാറ്റ ഉള്‍പ്പെടണം. എന്നിട്ടും ആദ്യ 100ൽ പോലും ഇല്ല.
ഇതിനു പിന്നിലെ കാരണം തിരക്കി ഇറങ്ങുന്നവർക്ക് കാണാൻ സാധിക്കുന്നത് രത്തൻ ടാറ്റ എന്ന തികഞ്ഞ മനുഷ്യ സ്നേഹിയെയാണ്. അദ്ദേഹത്തിന്റെ ചാരിറ്ററി പ്രവർത്തനങ്ങളെ കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ വ്യാപ്തി നമ്മൾ കരുതുന്നതിനും അപ്പുറമാണ്. വരുമാനത്തിന്റെ 66 ശതമാനവും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കാണ് അദ്ദേഹം വിനിയോഗിക്കുന്നത്. രത്തന്‍ ടാറ്റായുടെ കാലത്ത് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാര്യത്തിലും ഇതുപോലെ തന്നെയായിരുന്നു സാഹചര്യം എന്നതാണ് കൗതുകകരം.
രത്തൻ ടാറ്റയുടെ വരുമാനത്തിന്റെ സിംഹഭാഗവും ടാറ്റ സൺസിൽ നിന്നാണ്. 2021ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ൽ 433-ാം സ്ഥാനത്തായിരുന്നു രത്തന്‍ ടാറ്റ. 3,500 കോടി രൂപയായിരുന്നു ആസ്തി. ഏറ്റവും പുതിയ പട്ടികയിൽ 6,000 കോടി രൂപ ആസ്തിയോടെ ടാറ്റയുടെ സ്ഥാനം 198ാം സ്ഥാനത്താണ്.
1868ല്‍ സ്ഥാപിതമായ ഇന്ത്യയിലേ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ന് 150 ലേറെ രാജ്യങ്ങളില്‍ ടാറ്റയുടെ ഉത്പന്നങ്ങളും സേവനങ്ങളുമെത്തുന്നുണ്ട്. ആറ് ഭൂഖണ്ഡങ്ങളിലായി 100 ഓളം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു. ടാറ്റ സൺസിന്റെ ഭൂരിഭാഗം സംരംഭങ്ങളും ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെയോ ട്രസ്റ്റുകളുടെയോ ഉടമസ്ഥതയിലാകുന്ന തരത്തിൽ അതിന്റെ മാനേജ്‌മെന്റും ഉടമസ്ഥാവകാശ ഘടനയും വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ പൂർവ്വികരാണ്. ടാറ്റ പുത്രൻമാരുടെ 51%-ന് മുകളിലുള്ള ഭൂരിഭാഗം ഓഹരികളും 2 പഴയ കുടുംബ ട്രസ്റ്റുകളായ സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ഡോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ഉടമസ്ഥതയിലുള്ളതാണ്. കമ്പനിയുടെ 66 ശതമാനം ഓഹരി മൂലധനം തലമുറകളിലായി ടാറ്റാ കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിവെച്ച രത്തൻ ദാദാഭോയ് ടാറ്റ ട്രസ്റ്റ്, ജെആർഡി ടാറ്റ ട്രസ്റ്റ്, ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റ്, ടാറ്റ സോഷ്യൽ വെൽഫെയർ ട്രസ്റ്റ് എന്നിങ്ങനെ പതിനഞ്ച് ജീവകാരുണ്യ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. ആത് ആ കുടുംബത്തിന്റെ നയം കൂടിയാണ്.
ഇങ്ങനെ പലവഴിക്കും കൈമാറി ഒടുവില്‍ രത്തന്‍ ടാറ്റയുടെ കൈവശം 0.83 ശതമാനം മാത്രമാണ് ഉള്ളത്. ടാറ്റാ ട്രസ്റ്റുകള്‍ ലാഭവിഹിതത്തിന്റെ 85 ശതമാനം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായാണ് ചിലവഴിക്കുന്നത്. വിശാലമായ കാഴ്ചപ്പാടുകളുമായി കഠിനമായി പ്രയത്‌നിക്കുന്ന ടാറ്റാ ഗ്രൂപ്പില്‍ അതുകൊണ്ട് തന്നെ സമ്പന്നതയുടെ കൊടുമുടികള്‍ കീഴടക്കാനുള്ള നെട്ടോട്ടം നമുക്ക് കാണാന്‍ സാധിക്കില്ല.സംരംഭക മികവിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് രത്തന്‍ ടാറ്റായും ടാറ്റാഗ്രൂപ്പും.
രത്തൻ ടാറ്റയുടെ ജീവ ചരിത്രം പുസ്തകമാകുമ്പോൾ അത് എഴുതിയത് ഒരു മലയാളി ആണെന്ന് ഉള്ള കാര്യത്തിൽ നമുക്കു അഭിമാനിക്കാം. ‘രത്തന്‍ എന്‍ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി’ (Ratan N Tata: The Authorized Biography) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മലയാളിയും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഡോ. തോമസ് മാത്യുവാണ് എഴുതുന്നത്. 2022 നവംബറില്‍ ആഗോളതലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഹാര്‍പ്പര്‍കോളിന്‍സ് പ്രസ്തുത ജീവചരിത്രം പ്രസിദ്ധീകരിക്കും. രണ്ട് കോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍കോളിന്‍സ് പ്രസാധനാവകാശം നേടിയത്. ഇന്ത്യയിലെ നോണ്‍-ഫിക്ഷന്‍ പ്രസിദ്ധീകരണത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും ആവേശവും ചെറുതല്ല. ഏറ്റവുമൊടുവിൽ എയർഇന്ത്യയുടെ കൈമാറ്റത്തിന് ടെൻഡർ ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോൾ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്. തനിക്ക് പാരമ്പര്യമായി ലഭിച്ച മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും തന്റെ സഹജീവികളെയും രാഷ്ട്രത്തെയും സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു വ്യക്തി എന്ന നിലയിൽ രത്തൻ ടാറ്റ എന്നും ഒന്നാമൻ തന്നെയാണ്. മനുഷ്യത്വത്തിന്റെ പട്ടികയിലെ ഏറ്റവും വലിയ ധനികൻ!
റിപ്പോർട്ട്: ചൈതന്യ രമേശ്