ഡേറ്റ സ്റ്റോറേജ് സര്‍വീസില്‍ ചുവടുവയ്പിനൊരുങ്ങി അദാനി ഗ്രൂപ്പ്; നിക്ഷേപം 70,000കോടി

ന്യൂഡല്‍ഹി: ഡേറ്റസ്റ്റോറേജ് സര്‍വീസില്‍ ചുവടുവയ്പിനൊരുങ്ങി അദാനി ഗ്രൂപ്പ്. 70,000കോടി രൂപ മുടക്കി ദക്ഷിണേന്ത്യയില്‍ ആദ്യ ഡേറ്റ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഗൗതം അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇന്ത്യക്കാരുടെ ഡേറ്റ ഇന്ത്യന്‍ കമ്പനികളില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ ഈ തീരുമാനം.

ഈ ഡേറ്റപാര്‍ക്കുകളില്‍ ആമസോണ്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് ഡേറ്റ സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം നല്‍കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്.

അദാനിയുടെ പുതിയ സംരഭത്തിന് പ്രധാന പിന്തുണ നല്‍കുന്നത് റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമയായ മുകേഷ് അംബാനിയാണ്. ഇന്ത്യയില്‍നിന്നുള്ള വിവരങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ സൂക്ഷിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വ്യക്തിഗത ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് ബില്ലിലും ഡേറ്റയുടെ സൂക്ഷിപ്പ് രാജ്യത്തിനകത്തെ സെര്‍വറിലോ ഡേറ്റ സെന്ററിലോ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ ബില്‍ ഉടന്‍തന്നെ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന.

Top