അഡാര്‍ ലവ് ഗാനത്തിനെതിരെ രാജ്യത്ത് ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

oru adar love

ന്യൂഡല്‍ഹി: അഡാര്‍ ലവ് എന്ന മലയാള സിനിമയിലെ വിവാദ ഗാനമായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരേ രാജ്യത്തിന്റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും, നടി പ്രിയ വാര്യരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ‘മാണിക്യ മലരായ പൂവി’ എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഒരു വിഭാഗം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നടിയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Top