തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവേചനാധികാരമുപയോഗിച്ച് നാല് ഡിജിപി തസ്തിക ധൃതിപിടിച്ച് സൃഷ്ടിച്ചതിന് പിന്നില്‍ വിജിലന്‍സ് ഡയറക്ടറോടുള്ള ‘ഉപകാര’ സ്മരണ.
എഡിജിപി റാങ്കിലുള്ള എന്‍.ശങ്കര്‍ റെഡ്ഡിയെ ഡിജിപി മാരെ മറികടന്ന് വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍, ഭരണമാറ്റമുണ്ടായാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ റെഡ്ഡി തെറിക്കുമെന്ന് മാത്രമല്ല അദ്ദേഹത്തിന് ഉദ്യോഗക്കയറ്റം ലഭിക്കാത്ത സാഹചര്യം വരെയുണ്ടായേക്കാമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്.
ഈ ഒരു സാഹചര്യം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുന്‍പ് കൂടുതല്‍ ഡിജിപി തസ്തിക ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ശങ്കര്‍ റെഡ്ഡിക്ക് മാത്രമായി ഉദ്യോഗക്കയറ്റം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബാച്ചുകാരായ എ.ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ക്ക് കൂടി ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു.
1986-ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് ഇവരെല്ലാവരും. ഇതോടൊപ്പം ഉദ്യോഗക്കയറ്റം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ വിശ്വാസ്‌മേത്തയും ഡബ്‌ള്യു.ആര്‍.റെഡ്ഡിയും ഇതേ ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരാണ്.
ഐപിഎസുകാരെ മാത്രം പരിഗണിച്ചാല്‍ ഐഎഎസുകാര്‍ ഉടക്കുമെന്നതിനാലാണ് ഇരുവര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായി ഉദ്യോഗക്കയറ്റം നല്‍കിയത്.
ഡിജിപി മാരായ ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബഹ്‌റ എന്നിവരുടെ ശമ്പളം തടഞ്ഞ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് ഡിജിപിമാരുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെയും അധിക തസ്തിക സൃഷ്ടിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.
സംസ്ഥാനത്ത് നിലവിലുള്ള രണ്ട് ഡിജിപി കേഡര്‍ തസ്തികക്ക് പുറമെ കൂടുതല്‍ കേഡര്‍ തസ്തികകളും എക്‌സ് കേഡര്‍ തസ്തികയും വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നേരത്തെ തള്ളിയിരുന്നു. നിലവില്‍ അനുവദിച്ച സംസ്ഥാന പൊലീസ് ചീഫ്, വിജിലന്‍സ് ഡയറക്ടര്‍ തസ്തികകള്‍ക്കൊഴികെ കേഡര്‍ തസ്തിക നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
എക്‌സ് കേഡര്‍ തസ്തികയായി അനുവദിച്ച നിലവിലുള്ള മൂന്ന് ഡിജിപി തസ്തികകള്‍ വര്‍ധിപ്പിക്കാനും കേന്ദ്രം തയ്യാറായിരുന്നില്ല. ഇതോടെയാണ് വെട്ടിലായ സര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അവസാന നാളില്‍ സ്വന്തം നിലക്ക് നാല് ഡിജിപിമാര്‍ക്കു കൂടി ഉദ്യോഗക്കയറ്റം നല്‍കിയത്.
ഡിജിപി മാരായ ജേക്കബ് തോമസിനെയും ലോക്‌നാഥ് ബഹ്‌റയെയും ഋഷിരാജ് സിങ്ങിനേയും മറികടന്ന് വിജിലന്‍സ് മേധാവിയായി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതില്‍ മാത്രമല്ല അദ്ദേഹം ബാര്‍ കോഴ കേസിലടക്കം എടുത്ത നിലപാടുകളും സിപിഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഒരു നിമിഷംപോലും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.