ചൈനീസ് സാധനങ്ങള്‍ക്ക് അധിക നികുതി ; ട്രംപിനെതിരെ പ്രതിഷേധം ഉയരുന്നു

trumph

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ഉയരുന്നു. ഇതിനിടയില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങള്‍ക്ക് അധിക നുകുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ട്രംപ്.

100 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഇറക്കുമതിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി തുടരുന്ന പോര് ശക്തിയാര്‍ജിക്കുമ്പോള്‍ ട്രംപ് നിലപാട് മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ തന്നെ രണ്ട് തട്ടിലാണ്.

50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സാധനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം ചൈന പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. ഇരു രാജ്യങ്ങളുടേയും സാമ്പത്തിക മേഖലയില്‍ പെട്ടെന്ന് തിരിച്ചടിയുണ്ടാകില്ലെങ്കിലും നികുതി ഏര്‍പ്പെടുത്തിയാല്‍ ദൂര വ്യാപക ഫലമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുകയും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാറോ ട്രംപിന്റെ നീക്കത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും നാഷണല്‍ എക്കണോമിക്ക് കൗണ്‍സില്‍ ഡയറക്ടര്‍ ലാറി കുഡ്‌ലോയേപ്പോലുള്ളവര്‍ ഈ നീക്കത്തെ പിന്തുണക്കുന്നില്ല. ചര്‍ച്ചകളിലൂടെ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമ്പോള്‍ നികുതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഇവരുടെ പക്ഷം.

ചൈനീസ് ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും തമ്മിലുള്ള അന്തരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് കൂച്ചുവിലങ്ങിടാന്‍ തീരുമാനിച്ചത്. ലക്ഷ്യം കാണുന്നതുവരെ പിന്നോട്ടില്ലെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ സഖ്യകക്ഷികളും ബിസിനസ് കേന്ദ്രങ്ങളും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നു കഴിഞ്ഞു. പുതിയ നികുതി പ്രഖ്യാപനം വന്നതോടെ സ്‌റ്റോക്ക് മാര്‍ക്കറ്റ് അടച്ചിട്ടിരുന്നു.

Top