പാലക്കാട്: പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായിരിക്കെ ഉന്നതതല താരതമ്യം നടത്തി എഡിജിപി ശ്രീലേഖ.
ഉന്നത ഉദ്യോഗസ്ഥര്‍ നന്നായാല്‍ പൊലീസും നന്നാകുമെന്ന് പറഞ്ഞ ശ്രീലേഖ, മുന്‍ ഡിജിപി കെ.ജെ ജോസഫിനെയും മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെയും പുകഴ്ത്തി.
അച്ചടക്കത്തിന്റെ ആള്‍രൂപമായിരുന്നു കെ ജെ ജോസഫ് എന്ന് അവര്‍ പറഞ്ഞു. അന്നു പൊലീസ് സേനയിലും അച്ചടക്കമുണ്ടായി. പൊലീസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച എ കെ ആന്റണി എന്ന മുഖ്യമന്ത്രി അന്ന് ഉണ്ടായിരുന്നതായും ശ്രീലേഖ ചൂണ്ടിക്കാട്ടി.
പിന്നീട് വന്ന ഹോര്‍മിസ് തരകന്‍ തികച്ചും മാന്യനായിരുന്നു. അക്കാലത്ത് പൊലീസിന് ജെന്റില്‍മാന്‍ പരിവേഷമായിരുന്നു. കഴിവു മാത്രമുണ്ടായാല്‍ പൊലീസില്‍ പ്രവര്‍ത്തനം സുഗമമാകില്ലന്നും അവര്‍ പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ‘ സ്ത്രീ സുരക്ഷയില്‍ പൊലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വനിത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയില്‍ മേധാവി കൂടിയായ ശ്രീലേഖ.
മുഖ്യമന്ത്രിമാരെയും ഡിജിപിമാരെയും താരതമ്യം ചെയ്യുമ്പോള്‍ ആന്റണിയെയും കെ ജെ ജോസഫിനെയും മാത്രം പരാമര്‍ശിച്ചത് പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്‌റക്കും എതിരായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ ‘താരതമ്യം ‘ ആരെയൊക്കെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണെന്നാണ് പൊലീസുകാര്‍ പറയുന്നത്.