തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പുതിയ നിയമനമായില്ല. ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന് സൂചന പുറത്തുവരുന്നുണ്ട്. പൊലീസിലെ ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നാണ് നടപടി.
അദേഹത്തോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനന്ദകൃഷ്ണനാണ് ബറ്റാലിയന്റെ ചുമതല പകരം നല്‍കിയിരിക്കുന്നത്.
ഇതിനിടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സുദേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബം
പൊലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പൊലീസുകാരെ സുദേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.