കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നതെന്നുമാണ് പറഞ്ഞിരിക്കുന്നത്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍ നിന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് പിന്മാറണമെന്ന് സുധേഷ് കുമാര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയതിനു ശേഷം ഓഫീസിലേക്ക് പൊയ്‌ക്കോളാന്‍ ഗവാസ്‌കറിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ വ്യായാമം കഴിഞ്ഞ് എത്തിയപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നെന്നും എന്തുകൊണ്ടാണ് മടങ്ങിപ്പോവാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകള്‍ ഹര്‍ജിയില്‍ പറയുന്നു.
ഗവാസ്‌കറാണ് മോശമായി പെരുമാറിയതെന്നും തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെ ഹര്‍ജി കോടതി പരിഗണിക്കുന്നതാണ്.