ബി.ജെ.പി. നേതാക്കള്‍ രാവണന്റെ പുത്രന്മാര്‍; രൂക്ഷ വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കള്‍ രാവണന്റെ പുത്രന്മാരാണെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് അനന്ത്കുമാര്‍ ഹെഗ്ഡെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.

“ഇന്ന് അവര്‍ മഹാത്മാഗാന്ധിയെ അപമാനിച്ചു. അവര്‍ രാമഭക്തനെ അപമാനിച്ചു. അവര്‍ രാവണന്റെ മക്കളാണ്” – അധീര്‍ രഞ്ജന്‍ പറഞ്ഞു.

അതേസമയം അധീര്‍ രഞ്ജന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രംഗത്തെത്തി. ഞങ്ങള്‍, ഭാരതീയ ജനതാ പാര്‍ട്ടിയിലെ അംഗങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍. ഞങ്ങളാണ് മാഹാത്മാ ഗാന്ധിയുടെ യഥാര്‍ഥ പിന്‍ഗാമികളെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലുള്ള വ്യാജ ഗാന്ധിമാരെയാണ് പിന്തുടരുന്നതെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവന്‍ അരങ്ങേറിയതെന്നും നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്നുമാണ് ഹെഗ്‌ഡെ പറഞ്ഞത്.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നു പറഞ്ഞ ഹെഗ്‌ഡെ നാടകത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചിലരെ എന്തിനാണ് മഹാത്മാ എന്ന് വിളിക്കുന്നതെന്നും ചോദിച്ചിരുന്നു.

Top