അടിമാലി : അടിമാലിയില്‍ ഒമ്പതു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മ സെലീനയെ റിമാന്‍ഡ് ചെയ്തു. ദേവികുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സെലീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സെലീനയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അമ്മ സെലീനയ്‌ക്കൊപ്പം കഴിയാന്‍ അനുമതി നല്‍കി.
സെലീനയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകും. ഇന്നുരാവിലെയാണ് സെലീനയെ പൊലീസ് അടിമാലിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അമ്മ തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന നൗഫലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെലീനയെ അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസാണ് സെലീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മകനെ കുരങ്ങ് ആക്രമിച്ചപ്പോള്‍ പാറപ്പുറത്തു നിന്ന് ഉരുണ്ടു താഴെ വീണാണ് മുറിവുണ്ടായതെന്നുമായിരുന്നു അമ്മ പൊലീസിനോടു പറഞ്ഞിരുന്നത്.
ബുധനാഴ്ചയാണ് ദേഹത്ത് ഇരുമ്പുവടി കൊണ്ട് അടിച്ച പരുക്കുകളോടെ നൗഫലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖത്ത് തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നൗഫല്‍ ചെറിയ തോതില്‍ ഭക്ഷണവും, വെള്ളവും കഴിച്ചു തുടങ്ങിയിട്ടുണ്ട്.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നിരുന്നാലും അടുത്ത ഒരു മൂന്നു ദിവസം കൂടി കഴിഞ്ഞാലേ പൂര്‍വ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തൂ.
മുറിവുണങ്ങാന്‍ പിന്നെയും സമയം എടുക്കും. ദേഹമാസകലം മുറിവുള്ളതിനാല്‍ ഐസിയുവില്‍ തന്നെയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ സംഘത്തിനു രൂപം നല്‍കിയതായും മെഡിക്കല്‍ കോളജ് ആര്‍എംഒ അറിയിച്ചു. പൊള്ളലേറ്റവരെ ചികിത്സിക്കുന്ന തീവ്രപരിചരണ വിഭാഗത്തിലാണ് നൗഫലിപ്പോള്‍.
നൗഫല്‍ അടിമാലി പൊലീസിനു നല്‍കിയ മൊഴിയില്‍ വാപ്പ കമ്പിവടിക്ക് കാലില്‍ അടിച്ചെന്നും ഉമ്മച്ചി പൊതിച്ച തേങ്ങകൊണ്ടു ഇടിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാവിലെ നസീര്‍-സെലീന ദമ്പതികള്‍ക്കെതിരെ കേസെടുത്തു. സംഭവം പുറത്തായ ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ പറഞ്ഞിരുന്ന മൊഴി പുലര്‍ച്ചെയാണു നൗഫല്‍ മാറ്റിയത്.
നൗഫലിന് ഒരാഴ്ച മുന്‍പ് കുരങ്ങിന്റെ ആക്രമണത്തിലാണു പരുക്കേറ്റതെന്നാണ് സെലീന പറഞ്ഞിരുന്നത്. ആദ്യം നൗഫലും ഇതുതന്നെയാണ് പറഞ്ഞിരുന്നതെങ്കിലും ആശുപത്രിയിലെത്തിയതിന്റെ പിറ്റേന്നു പുലര്‍ച്ചെയാണ് മൊഴി മാറ്റിപ്പറഞ്ഞത്. പക്ഷേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു മാതാവ് സെലീനയും രണ്ടാമത്തെ മകന്‍ എട്ടുവയസുകാരന്‍ മുഹമ്മദ് ഹനീഫയും.
ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫല്‍. എക്‌സൈസ് വിഭാഗം കഞ്ചാവ് കേസില്‍ നസീറിനെ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് വസ്ത്രങ്ങള്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുള്ള സഹോദരിയെ പൊലീസ് വിളിച്ചു.
ഇവര്‍ പറഞ്ഞതനുസരിച്ച് അടിമാലിയിലുള്ള മറ്റൊരു സഹോദരി നസീറിന്റെ വീട്ടിലെത്തി. അവിടെ ആരുമില്ലെന്നു മനസിലാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടത്.
അങ്ങനെയാണ് മലവും മൂത്രവും നിറഞ്ഞ മുറിയില്‍ മൃതപ്രായനായി കുട്ടിയെ കണ്ടത്. പിന്നീട് ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരം പൊലീസും ചൈല്‍ഡ്‌ലൈന്‍ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടു.
പാതിവഴിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോറിക്ഷയില്‍ എറണാകുളത്തു വന്നു. വൈറ്റിലയില്‍ വച്ച് സഹോദരിയും ഭര്‍ത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ച സെലീനയെ ഇവര്‍ കടവന്ത്ര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.