ആദിപുരുഷിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ജൂൺ 16-ന് തിയേറ്ററുകളിൽ

പ്രഭാസ് നായകനായി പുറത്തിറങ്ങുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ്. ജൂൺ 16ന് തീയറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ഒരു കട്ടും സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂറാണ് (179 മിനിട്ട്) സിനിമയുടെ ദൈർഘ്യം.

പ്രഭാസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനമുണ്ട്. ഒരു ഷോയിലും ഈ സീറ്റ് ആർക്കും നൽകില്ലെന്ന് അണിയറ പ്രവർത്തകർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും.

‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാൻ ഹനുമാൻ പ്രത്യക്ഷപ്പെടുന്നു. അത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, പ്രഭാസിന്റെ രാമൻ നായകനായ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാൻ ഹനുമാന് റിസർവ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രം കേൾക്കൂ.’- വാർത്താ കുറിപ്പിൽ പറയുന്നു.

ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാൻ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറിൽ കാണിച്ചിരുന്നു. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിഞ്ഞു.

600 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഓം റൗട്ട് ആണ് സംവിധാനം. പ്രഭാസിനൊപ്പം കൃതി സോനാൻ, സെയ്ഫ് അലി അഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്.

Top