പ്രഭാസും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാൽ ടീസർ ഇറങ്ങിയതിനു ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ചിത്രത്തിനു നേരം ഉയരുന്നത്. ടീസറിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസവും ട്രോളുകളും നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്.
വിഎഫ്എക്‌സ് നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ പരാതി. കൊച്ചു ടിവിയിലെ കാർട്ടൂണിന്റെ നിലവാരം മാത്രമേ ടീസറിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രധാനമായും ഉയർന്ന വിമർശനം. ഈ അവസരത്തിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയിൽ വിശദീകരണം നൽകിയിരിക്കുകയാണ് പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എൻവൈ വിഎഫ്എക്സ് വാല.
ആദിപുരുഷിന്റെ വിഎഫ്എക്സ് ചെയ്തത് തങ്ങൾ അല്ലെന്ന് ഈ കമ്പനി പറയുന്നു. മാധ്യമങ്ങൾ ആദിപുരുഷ് സംബന്ധിച്ചുളള ചോദ്യങ്ങൾ ചോദിച്ചതിനാലാണ് വിശദീകരണം നൽകുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നടൻ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്സ് കമ്പനിയാണിത്.
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ശ്രീരാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. അടുത്ത വർഷം ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.