ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. ധൈര്യമുണ്ടെങ്കില്‍ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമോ എന്നായിരുന്നു അദിതിയുടെ ചോദ്യം.
റായ് ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദിതിയുടെ വെല്ലുവിളി. റായ്ബറേലി ഇനി കോണ്‍ഗ്രസിന്റെ കോട്ടയല്ലെന്നും വേണമെങ്കില്‍ പ്രിയങ്കയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദിതി കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലെയും അമേഠിയിലെയും ആളുകളെ നിസ്സാരമായി കാണുന്നതെന്ന് തനിക്കറിയില്ലെന്നും അദിതി അഭിപ്രായപ്പെട്ടു. റായ്ബറേലിയിലെയും അമേഠിയിലെയും ജനങ്ങള്‍ മാറ്റാരേക്കാളും ക്ഷമയുള്ളവരാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളിലെ ജനങ്ങളെ കുറിച്ച് അവര്‍ വിഷമിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദിതി പറഞ്ഞു. റോയ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാഗമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലോ അമേഠിയിലോ വോട്ട് ചോദിച്ച് വരുന്നത് നാണക്കേടുണ്ടാക്കുമെന്ന് അദിതി സിംഗ് പറഞ്ഞു. എന്തുകൊണ്ടെന്നാല്‍, തങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്ത ആളുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ആശങ്കപ്പെടാറില്ലെന്നും അദിതി അഭിപ്രായപ്പെട്ടു.
തന്റെ പിതാവ് അഖിലേഷ് കുമാര്‍ സിംഗ് അഞ്ച് തവണ റായ്ബറേലി എംഎല്‍എയായിരുന്നു. 2019ലെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ഇവിടുത്തെ ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ വിജയം ആവര്‍ത്തിക്കപ്പെട്ടിരുന്നതെന്നും അത് തന്നിലൂടെ തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതുവരെയും കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന റായ്ബറേലി അദിതിയിലൂടെ പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.