ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കോട്ടയായിരുന്ന റായ്ബറേലിയില്‍ ഇത്തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്ത മണ്ഡലം ഇക്കുറി കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തിയ അദിതി സിങിലൂടെയാണ് പാര്‍ട്ടി പിടിച്ചെടുത്തത്. സമാജ്‌വാദി പാര്‍ട്ടിയിലെ രാം പ്രതാപ് യാദവിനെ 7000 വോട്ടുകള്‍ക്ക് അദിതി സിങ് പരാജയപ്പെടുത്തുകയായിരുന്നു. നിരവധി തവണ സോണിയാ ഗാന്ധി പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച സീറ്റാണ് റായ്ബറേലി.
93,780 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ അദിതി സിങിന് ലഭിച്ചത്. എസ്.പി സ്ഥാനാര്‍ത്ഥഇ രാം പ്രതാപ് യാദവിന് 86,359 വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനീഷ് സിങ് ചൗഹാന്‍ വെറും 14,063 വോട്ടുകള്‍ മാത്രം നേടി ബഹുദൂരം പിന്നിലായി. നേരത്തെ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങിന്റെ മകള്‍ അദിതി സിങ് 2017ല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയാണ് അന്ന് അദിതിയെ ഇവിടെ നിന്ന് മത്സരിപ്പിച്ചത്. 1,28,319 വോട്ടുകളോടെ വിജയിച്ച അവര്‍ ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 2019ന് ശേഷം കോണ്‍ഗ്രസുമായി അകന്ന അവരെ പിന്നീട് ബിജെപി ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിജെപിയില്‍ ചേര്‍ന്നു.