ആദിത്യ എല്‍1 വിക്ഷേപണം നാളെ; ഇന്ന് കൗണ്ട് ഡൗണ്‍ ആരംഭിക്കും

ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ പേടകം തയ്യാറായതായി ഐഎസ്ആര്‍ഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക.

സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സൂര്യനുചുറ്റുമുള്ള പ്ലാസ്മ കാലാവസ്ഥയെ പറ്റിയും വിവരം ശേഖരിക്കാന്‍ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലാഗ് റേഞ്ചിയന്‍ പോയന്റ് വണ്‍ – എല്‍ വണ്ണിലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ എത്തിക്കുക.

സൂര്യന്റെ ചൂടുള്ള ബാഹ്യ അന്തരീക്ഷമായ കൊറോണയെയും ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നീ പാളികളെയും നിരീക്ഷിക്കാനായി ഏഴ് പരീക്ഷണ ഉപകരണങ്ങള്‍ ഘടിപ്പിച്ച, 1500 കിലോ ഭാരമുള്ള പേടകം 127 ദിവസം സഞ്ചരിച്ച് ഹാലോ ഭ്രമണപഥത്തിലെത്തും. ഇതിന്റെ റിഹേഴ്‌സല്‍ പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Top