ബംഗളൂരു: ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് ആദിത്യ എല്‍1 പേടകം വിജയകരമായി പുറത്തുകടന്നു. ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യ പേടകം ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള യാത്രയില്‍ 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഐ.എസ്. ആര്‍.ഒ. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയന്‍ 1 പോയന്റിലേക്കുള്ള പാതയിലാണ് ആദിത്യ എല്‍1.
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ‘മംഗള്‍യാന്‍’ എന്നറിയപ്പെടുന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ആയിരുന്നു ആദ്യത്തേത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായിരുന്നു മംഗള്‍യാന്‍. 2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തി. രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്തേക്ക് ഐ.എസ്.ആര്‍.ഒ ഒരു പേടകത്തെ അയക്കുന്നത്.
ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. അതിസങ്കീര്‍ണ ഘട്ടത്തിലൂടെ (ക്രൂസ് ഫേസ്) 110 ദിവസം നീണ്ട യാത്രക്ക് ശേഷമാവും ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയന്‍ 1 പോയിന്റില്‍ ആദിത്യ എല്‍1 പേടകത്തെ സ്ഥാപിക്കുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യം.