അഹ്‌മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ലാഗ്റേഞ്ചിയന്‍ പോയന്റില്‍ (എല്‍ 1) എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ ദൂരെയാണ് ലാഗ്റേഞ്ചിയന്‍ പോയന്റ്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ പ്രതീക്ഷ.
2023 ഓഗസ്റ്റ് 19-ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് സഞ്ചാരം തുടങ്ങിയ പേടകം 125 ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തുക.പ്രതീക്ഷിച്ച പോലെ ജനുവരി ആറിന് ആദിത്യ-എല്‍1 ലാഗ്റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്നും കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. എന്‍ജിഒ ആയ വിജ്ഞാന ഭാരതി സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്‍1 പോയിന്റിലെത്തുമ്പോള്‍, കൂടുതല്‍ ദൂരത്തേക്ക് പോകാതിരിക്കുന്നതിന് ഒരിക്കല്‍ കൂുടി എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. കൃത്യമായ സ്ഥലത്തെത്തിയാല്‍ പേടകം സ്വയം തിരിയുകയും എല്‍1 ഭ്രമണ പഥത്തില്‍ നില്‍ക്കുകയും ചെയ്യും.
അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് സൂര്യനുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങള്‍ കണക്കാക്കാന്‍ ആദിത്യ-എല്‍ 1 പേടകത്തിന് സാധിക്കുമെന്ന് സോമനാഥ് പറഞ്ഞു. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ വളരെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. സൂര്യന്റെ ചലനാത്മകതയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ആ വിവരങ്ങള്‍ വളരെ ഉപയോഗപ്രദമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ച് ഭാരതീയ സ്പേസ് സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ഐഎസ്ആര്‍ഒ നിര്‍മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് പുതിയ ആളുകള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ചുറ്റുമുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഞങ്ങള്‍ ഒരുങ്ങുന്നത്, അദ്ദേഹം പറഞ്ഞു.