റായ്പുര്‍: ഛത്തീസ്ഗഡില്‍ ആദിവാസി യുവതിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പെടെ 10 യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി.
ജാഷ്പുരിലാണ് അതിക്രൂര സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയില്‍ ഇരുപതുകാരിയായ യുവതി കാട്ടിലൂടെ പുരുഷ സുഹൃത്തുമൊത്ത് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ഇവര്‍ നടന്നുപോകുമ്പോള്‍ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇതോടെ ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയി. എന്നാല്‍ യുവതിയെ പിന്‍തുടര്‍ന്ന യുവാക്കള്‍ ഇവരെ പിടികൂടുകയും ക്രൂരമായി മര്‍ദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു.
യുവതി ഇവിടെ 15 മണിക്കൂറോളം അബോധാവസ്ഥയില്‍ കിടന്നു. പിന്നീട് ഉണര്‍ന്ന യുവതി മൂന്നു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തി. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും പ്രതികളെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളില്‍ രണ്ടു പേര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.