തിരുവനന്തപുരം: ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നൽകി ചരിത്ര നേട്ടം കൊയ്ത് പൊതുമരാമത്ത് വകുപ്പ്. വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഭരണാനുമതി ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു.
82 റോഡ് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ നിരത്തു വിഭാഗത്തിനു കീഴില്‍ വരുന്നതാണ്. പാലം വിഭാഗത്തിനു കീഴില്‍ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കും അനുമതി നല്‍കി. 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികള്‍ക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. 198.69 കോടി രൂപയുടെ 26 പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ പരിശോധനക്കും കൈമാറി. 20 റോഡ് പ്രവൃത്തിയും 6 പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്.
സംസ്ഥാനത്ത് പൊതുമരാമത്ത് പദ്ധതികള്‍ക്ക് പ്രവൃത്തി കലണ്ടര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യമില്ലാത്ത 20 ശതമാനം വിഹിതമുള്ള പ്രവൃത്തികള്‍ക്ക് ജൂണ്‍ മാസത്തിനകം ഭരണാനുമതി ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ പരിശോധിച്ചാണ് 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നത്. ഒരു വര്‍ഷം പ്രഖ്യാപിക്കുന്ന സ്ഥലം ഏറ്റെടുക്കലും ഇന്‍വെസ്റ്റിഗേഷനും ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ആ വര്‍ഷം തന്നെ ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ക്ക് നിശ്ചിത സമയത്തിനകം തന്നെ സാങ്കേതിക അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിയതായും മന്ത്രി റിയാസ് പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ ഉള്ള നിരത്ത് വിഭാഗത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. പ്രവൃത്തികള്‍ തുടങ്ങിയെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.