ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് ഉടൻ തന്നെ പുറത്തിറക്കാൻ അഡോബ്. ആദ്യം വെബ് പതിപ്പിനായി കമ്പനി സൗജന്യ ട്രയലുകൾ നടത്തും. പിന്നീട് എല്ലാവർക്കും സൗജന്യമായി സേവനം നൽകാനാണ് പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. ഈ സേവനത്തെ “ഫ്രീമിയം” എന്നായിരിക്കും അഡോബ് വിളിക്കുക. ട്രയലിന് ശേഷവും ചില നിയന്ത്രണങ്ങളോടെ സൗജന്യ സേവനം തുടരുമെന്നാണ് റിപ്പോർട്ട്.
ഫോട്ടോഷോപ്പ് സൗജന്യമായി ആക്‌സസ് ചെയ്യാൻ അവസരമൊരുക്കി സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നവർക്ക് മാത്രമായി ചില ഫീച്ചറുകൾ നൽകാനാണ് അഡോബ് ലക്ഷ്യമിടുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഈ സേവനം ഫലപ്രദമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. സൗജന്യ പതിപ്പിൽ പരസ്യങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്നത് നിലവിൽ വ്യക്തമല്ല. ധാരാളം വെബ് അധിഷ്‌ഠിത ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ സൗജന്യ സേവനം നൽകി പരസ്യങ്ങൾ പ്രദർശിപ്പിച്ച് വരുമാനം നേടുന്നുണ്ട്.
എല്ലാവർക്കുമായി സൗജന്യ പതിപ്പ് എപ്പോൾ നൽകുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കമ്പനി ഇത് ആദ്യം കാനഡയിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 7 ദിവസത്തെ സൗജന്യ ട്രയൽ നൽകുന്നുണ്ട്. പിന്നീട് പ്രതിമാസം 1,675.60 രൂപ നൽകേണ്ടിവരും.