തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം. അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്നും എഫ്.ബി. പോസ്റ്റ് ബിജെപിക്കെതിരായ സിപിഎം പ്രചാരണത്തിന് വളമിടുന്നതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെനായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണെന്നും ബി. ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
പരാമര്‍ശത്തിന് മറുപടിയുമായി അടൂര്‍ രംഗത്തെത്തിയിരുന്നു. വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു.