തിരുവനന്തപുരം: 2016 ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് അർഹനായി.
മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളത്തിലെ നവതരംഗസിനിമയുടെ തുടക്കക്കാരനാണ് അടൂർ. അദ്ദേഹത്തിന്റെ സ്വയംവരമെന്ന ആദ്യ ചലച്ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ന്യൂവേവ് സിനിമ. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നിവയാണ് അടൂരിന്റെ സിനിമകൾ.
പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അടൂരിനെ തേടിയെത്തിയിട്ടുണ്ട്.