സാംസ്‌കാരിക നായകര്‍ക്ക് എതിരായി കേസെടുത്ത സംഭവം ജനാധിപത്യവിരുദ്ധമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി : സാംസ്‌കാരിക നായകര്‍ക്ക് എതിരായി കേസെടുത്ത സംഭവം ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരും എതിരായി അഭിപ്രായം പറയാന്‍ പാടില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അന്‍പതോളം പ്രമുഖര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാറില്‍ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാല കൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Top