കാസര്‍ഗോഡ്:സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേര്‍ക്കും കാലതാമസമില്ലാതെ ഭൂമി ലഭ്യമാക്കുമെന്ന് റെവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരമുള്ള രണ്ടാംഘട്ട പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് നിര്‍വ്വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് ഇതുവരെ 1,56,794 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഓരോ ജില്ലയിലും ഭൂരഹിതര്‍ക്ക് പട്ടയം അനുവദിക്കാന്‍ വളരെ വേഗത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പേര്‍ക്കുള്ള പട്ടയ വിതരണം മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തിയാക്കുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഭൂരഹിതരായവരെ കുറിച്ച് പഠിക്കാന്‍ റവന്യൂ വകുപ്പ് നൂതന മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചുവരുന്നതെന്നും സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ ഇതിനോടകം ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ജില്ലയില്‍ നടന്ന പട്ടയമേളയില്‍ 6000 പേര്‍ക്കാണ് പട്ടയങ്ങള്‍ വിരണം ചെയ്തത്. 2014 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകളും റവന്യു സര്‍വ്വെ അദാലത്തിലും ജനസമ്പര്‍ക്ക പരിപാടിയിലും ലഭിച്ച അപേക്ഷകളില്‍ നിന്ന് തെരെഞ്ഞെടുത്തവര്‍ക്കായി മൂന്ന് സെന്റ് വീതമുളള പട്ടയമാണ് അനുവദിച്ചത്.
ഇതോടെ ഭൂരഹിതരില്ലാത്ത രണ്ടാമത്തെ ജില്ല എന്ന പദവി കാസര്‍ഗോഡ് ജില്ലക്ക് സ്വന്തമായി. എം.എല്‍.എമാരായ പി.ബി അബ്ദുല്‍റസാഖ്, കെ.കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ പങ്കെടുത്തു.