ജോസ് കെ മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് അടൂര്‍ പ്രകാശ് എംപി, ശക്തനെന്നും അഭിപ്രായം

പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് അടൂർ പ്രകാശ് എംപി. അതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും മുന്നണി നടത്തി വരികയാണ്. അതുകൊണ്ടുതന്നെ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എക്സ് പ്രസ്സ് കേരളയോട് അദ്ദേഹം വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും ഇന്ന് സർക്കാർ കാണിച്ചു കൊണ്ടിരിക്കുന്ന പല തെറ്റായ നയങ്ങളെയും ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പോകുന്നത്. അതു പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

കെ റെയിൽ കേരളത്തിൽ നടപ്പാക്കും എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വന്നത്. എന്നാൽ ഞങ്ങൾ ആ തിരഞ്ഞെടുപ്പിൽ ജനങ്ങളോട് പറഞ്ഞത് കെ റെയിൽ കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന മോശപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ്. അത് ഉൾക്കൊണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ ഞങ്ങൾക്ക് ജയിക്കാനായതെന്നും, അടൂർ പ്രകാശ് പറഞ്ഞു.

സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പണം ഉണ്ടാക്കുന്ന സംവിധാനമായി ഈ സർക്കാർ മാറിയിരിക്കുന്നു. അതേസമയം പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ഇതിനു ഉദാഹരണമാണ് നെൽ കർഷകരുടെ കാര്യം. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് ഏറ്റെടുക്കുമ്പോൾ അവർക്ക് കൊടുക്കേണ്ട പൈസ കൊടുക്കണം. 450 കോടിയിലധികം രൂപ ഇനിയും കൊടുക്കാനുണ്ട് എന്നതാണ് കർഷകർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

53 വർഷം ഉമ്മൻചാണ്ടി മത്സരിച്ച മണ്ഡലമാണ് പുതുപ്പള്ളി. പുതുപ്പള്ളിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും ഉമ്മൻചാണ്ടിയെ മനസ്സിലേറ്റി നടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി വലിയ ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ വിജയിക്കും.

കഴിഞ്ഞതവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതിൽ പല ഘടകങ്ങളുണ്ട്. അതിൽ ഒരുഭാഗം മാത്രമാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലേക്ക് പോയത്. കേരള കോൺഗ്രസ് ജോസ് വിഭാഗം ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മയാണ്. അവർ കൂടി യുഡിഎഫിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. കേരള കോൺഗ്രസിന്റെ രണ്ടു വിഭാഗവും ശക്തരാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

ഉമ്മൻചാണ്ടിക്ക് പകരമായി ഒരു നേതാവിനെ ഉയർത്തി കാണിച്ച് യുഡിഎഫിന് ഇനി മുമ്പോട്ട് പോകാൻ കഴിയുകയില്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ പല വ്യക്തികളും ഉയർന്നും താഴ്ന്നും വരും. ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ സാധിക്കുന്ന ഏത് നേതാവാണെങ്കിലും അവർ ഉയർന്നു തന്നെ വരും. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിച്ചാൽ അത് യുഡിഎഫിന്റെ മാത്രം വിജയമാണ്. വ്യക്തിപരമായി ആരുടെയും വിജയമായി കാണേണ്ടതില്ല. ജയിച്ചാലും തോറ്റാലും അതിന്റെ ഉത്തരവാദിത്വം യുഡിഎഫ് മുഴുവനായും ഏറ്റെടുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. (വീഡിയോ അഭിമുഖം കാണുക )

Top