Adoor prakash statement about son engagament

ന്യൂഡല്‍ഹി: മകന്റെ വിവാഹ നിശ്ചയം വിവാദമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ അടൂര്‍ പ്രകാശ് രംഗത്ത്.

വിവാദമുണ്ടാക്കിയവര്‍ തന്നെ അക്കാര്യം പരിശോധിക്കട്ടെ എന്ന് അടൂര്‍ പ്രകാശ് ഡല്‍ഹിയില്‍ പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ പാര്‍ട്ടി നേതൃത്വം നടത്താറുണ്ടെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോയത് തെറ്റാണെന്ന് പരസ്യ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയിരുന്നു.

പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാണിച്ചാണ് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്റിന് പരാതി നല്‍കിയത്.

സഹപ്രവര്‍ത്തകനായ അടൂര്‍പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയചടങ്ങ് എന്ന നിലയിലാണ് പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു.

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നിരുന്നു.

താന്‍ പോയത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനാണെന്നും കെസിപിസിസി യോഗത്തിന് ഇടയ്ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ചടങ്ങിനു ശേഷം തിരിച്ച് കെപിസിസിയില്‍ തിരിച്ചെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അടൂര്‍ പ്രകാശ് വിളിച്ചിട്ടാണ് വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നതെന്ന് ബാറുടമ ബിജു രമേശ വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയയാണെന്നും എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശും പ്രതികരിച്ചിരുന്നു.

Top