ദത്തെടുത്ത കുട്ടി അടുപ്പം കാണിക്കുന്നില്ല കുട്ടിയെ തിരികെ നല്‍കാന്‍ കോടതിയെ സമീപിച്ച് ദമ്പതികള്‍

കൊച്ചി: ദത്തെടുത്ത കുട്ടിയെ തിരികെ നല്‍കാന്‍ ഹൈക്കോടതിയെ സമീപിച്ച് ദമ്പതികള്‍. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ദത്തെടുത്ത കുട്ടി തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2017ലുണ്ടായ ഒരു വാഹനാപകടത്തില്‍ മകന്റെ ജീവന്‍ കവര്‍ന്നതിന്റെ ദുഖവും ഏകാന്തതയും മറക്കാനാണ് തിരുവനന്തപുരം സ്വദേശികള്‍ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചത്.പഞ്ചാബ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിഷ്‌കം സേവ ആശ്രമത്തില്‍ നിന്ന് 12 വയസുകാരിയായ പെണ്‍കുട്ടിയെ നിയമപ്രകാരം ദത്തെടുക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കുട്ടി തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കുന്നില്ലെന്നും തിരികെ പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും കാണിച്ച് ദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

വേണ്ടതെല്ലാം നല്‍കിയിട്ടും കുട്ടി അകാരണമായി ദേഷ്യപ്പെടുന്നുവെന്നും തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി. പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പെണ്‍കുട്ടി നിലവില്‍ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ്. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.

Top