ദത്ത് വിവാദം; അനുപമയുടെ അച്ഛന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഒന്നാം പ്രതി ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ പരാതിക്കാരിയായ അനുപമയുടെ അച്ഛനാണ് ജയചന്ദ്രന്‍. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്.

ഈ കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രന്‍ മാത്രം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊര്‍ജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.

ദത്ത് നല്‍കിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യത്തിലാണ് അമ്മ അനുപമ. നിലവിലെ സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ആരോപണ വിധേയരെ മാറ്റി നിര്‍ത്താത്ത അന്വേഷണം ശരിയല്ലെന്നും അനുപമ പറയുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സിഡബ്ല്യൂ സി ചെയര്‍പേഴ്‌സണെയും മാറ്റി നിര്‍ത്തണം. അന്വേഷണം തീരും വരെ താല്‍ക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാണ് അനുപമയുടെ ആവശ്യം.

Top