തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കരങ്ങളില്‍. ഉച്ചയോടെ കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികള്‍ക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ കൈമാറി.
ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്ന് കുഞ്ഞിനെ കോടതിയില്‍ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.
ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോടതി നടപടികള്‍ക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. ഡിഎന്‍എ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയില്‍ എത്തി കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമായിരുന്നു കുഞ്ഞിനെ അനുപമയ്ക്കു കൈമാറാന്‍ കോടതി ഉത്തരവിട്ടത്. സിഡബ്യുസി സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുളള ഉത്തരവിനു മുന്നോടിയായി കോടതി പരിശോധിച്ചു.
ഡിഎന്‍എ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ ഫലം ഗവണ്‍മെന്റ് പ്ലീഡര്‍ മുഖാന്തരമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഉച്ചതിരിഞ്ഞ് 2.30 ഓടെ ആരംഭിച്ച കോടതി നടപടികള്‍ ഒന്നരമണിക്കൂറോളം നീണ്ടു.