തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരം തേടി.
അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആനാവൂര്‍ നാഗപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടിനെ തളളി അനുപമയും ഭര്‍ത്താവ് അജിത്തും രംഗത്തു വന്നു. അനുപമയുമായി ഇക്കാര്യങ്ങള്‍ നേരിട്ട് സംസാരിച്ചിട്ടില്ല, എന്നാല്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ പാര്‍ട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതൊന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നുമാണ് അന്ന് പറഞ്ഞത്. കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായുളള നിയമപരമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു.
ആറു മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് ആനാവൂര്‍ നാഗപ്പനെ തങ്ങള്‍ സമീപിച്ചിരുന്നെന്ന് അനുപമയും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ജില്ലാ കമ്മിറ്റി ഓഫീസിലാണ് പരാതി നല്‍കാനായി പോയത്. എന്നാല്‍ ആനാവൂരിന് കൊവിഡ് ആയതിനാല്‍ നേരിട്ടു കാണാനായില്ല. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. നേരിട്ട് പരാതി എഴുതി കൊടുക്കുകയും ചെയ്തു. പിന്നീട് അച്ഛനുമായി ആനാവൂര്‍ നാഗപ്പന്‍ സംസാരിച്ചു. അച്ഛനാണ് തന്റെ അനുമതിയോടെയാണ് ദത്ത് നല്‍കിയതെന്ന കളളം പറഞ്ഞത്. അദ്ദേഹത്തിന് മാസങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതിയില്‍ ഇപ്പോള്‍ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാനാണെന്നും അനുപമ ആരോപിച്ചിരുന്നു.