തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ആന്ധ്രയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക്. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും, ഉദ്യോഗസ്ഥയും, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനില്‍കുമാറിനായിരുന്നു മേല്‍നോട്ടം.
കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാല്‍ നിയമപ്രശ്‌നം ഉണ്ടാകുമോയെന്ന് ദമ്പതികള്‍ ആരാഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. ‘ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു’-സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു.
മാത്രമല്ല, ദത്തെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ദമ്പതികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചു. വഞ്ചിയൂര്‍ കുടുംബക്കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ദമ്പതികള്‍ക്കു മുന്‍ഗണന ലഭിക്കും.
ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിര്‍മല ശിശുഭവനില്‍ തുടരും.