മെസിയോട് ആരാധന , വി.ഐ.പികള്‍ കൂട്ടത്തോടെ വന്നു

മേജര്‍ ലീഗ് സോക്കറില്‍ ലോസ് ഏഞ്ചല്‍സ് എഫ്.സിയും ഇന്റര്‍ മയാമിയും തമ്മിലുള്ള മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്കൊഴുകി എത്തിയത്
വി.ഐ.പി നിര. ഹോളിവുഡ് താരങ്ങളും സംഗീതജ്ഞരും അടക്കമുള്ള പ്രമുഖരാണ് കാളി കാണാന്‍ എത്തിയത്.

ഇംഗ്ലീഷ് രാജകുമാരന്‍ ഹാരി, മുന്‍ ബാസ്‌കറ്റ് ബാള്‍ സൂപ്പര്‍ താരം മാജിക് ജോണ്‍സന്‍, സിനിമ താരങ്ങളായ ലിയാനാഡോ ഡി കാപ്രിയോ, ടോം എല്ലിസ്, ജെറാര്‍ഡ് ബട്ട്‌ലര്‍, കോനി ബ്രിട്ടന്‍, ജെയ്മി കാമില്‍, ടോം ഹോളണ്ട്, സെലേന ഗോമസ്, ബ്രന്‍ഡന്‍ ഹണ്ട്, മാരിയോ ലോപസ്, ടോബി മഗ്വയര്‍, എഡ് നോര്‍ട്ടന്‍, ഗ്ലെന്‍ പവല്‍, ജേസന്‍ സുഡെയ്കിസ്, ഓവെന്‍ വില്‍സണ്‍, കൊമേഡിയന്‍ കിങ് ബാഷ്, സംഗീതജ്ഞരായ അലേമന്‍, ബ്രിയേല്‍, ബോബോ, ലിയാം ഗലേഗര്‍, നാസ്, തൈഗ തുടങ്ങിയവരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇവര്‍ മെസ്സിയുടെ നീക്കങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കന്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലോസ് ഏഞ്ചല്‍സ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണു ഇന്റര്‍ മയാമി തകര്‍ത്തത്. മെസ്സിയുടെ ഇരട്ട അസിസ്റ്റിന്റെ മികവിലാണ് ഈ രണ്ടു ഗോളുകളും പിറന്നത്. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോര്‍ഡി ആല്‍ബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാന്‍ ഹോളിങ്‌സ് ഹെഡിന്റെ വകയായിരുന്നു എല്‍.എ.എഫ്.സിയുടെ ആശ്വാസ ഗോള്‍. വിജയത്തോടെ വരവിന് ശേഷം തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ഇന്റര്‍ മയാമി തോല്‍വിയറിഞ്ഞിട്ടില്ല.

14ാം മിനിറ്റിലാണ് ഫകുണ്ടോ ഫാരിയസ് മയാമിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയില്‍ കളം ഭരിച്ചത് എല്‍.എ.എഫ്.സി ആയിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. ഡെനിസ് ബുവാങ്ക നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്. 38ാം മിനിറ്റില്‍ മെസ്സി ഗോളിനടുത്തെത്തിയെങ്കിലും ഇടങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിത്തെറിപ്പിച്ചത് ഗാലറിയില്‍ നിരാശ പടര്‍ത്തി. എന്നാല്‍, രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സിയുടെ മനോഹര പാസില്‍ ജോര്‍ഡി ആല്‍ബ ലീഡ് ഇരട്ടിയാക്കി.

Top