adu antony’s punishment..

കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട കേസിലാണ് വിധി.

വധ ശിക്ഷ നല്‍കേണ്ടെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം കുടുംബത്തിന് ലഭ്യമാക്കാന്‍ പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ മണിയന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇതിന് പുറമെ അഞ്ചര ലക്ഷം രൂപയോളം ആട് ആന്റണിയില്‍ നിന്ന് പിഴയായി പിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആട് ആന്റണിയുടേത് മോഷണ മുതലാണെന്നും അതിനാല്‍ ആ പണം തങ്ങള്‍ക്ക് വേണ്ടെന്നും മണിയന്‍ പിള്ളയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

ജീവപര്യന്തം തടവിന് പുറമെ മറ്റ് വിവിധ വകുപ്പുകളിലായി 15 വര്‍ഷത്തെ തടവും പ്രത്യേകമായി ആട് ആന്റണിക്ക് കോടതി വിധിച്ചു. ഇതോടെ 25 വര്‍ഷത്തെ തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കേണ്ടി വരും.

അതേ സമയം ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്കകത്ത് കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

2010 ജൂണിലാണ് കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മണിയന്‍പിള്ള കുത്തേറ്റു മരിച്ചത്. പുലര്‍ച്ചെ ഒരുമണിക്ക് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായപ്പോഴാണ് ആന്റണി പോലീസ് ഡ്രൈവറെ കുത്തിക്കൊന്നത്.

ജംക്ഷനു സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ വാന്‍ റോഡരികിലിട്ടു കാത്തുനില്‍ക്കുകയായിരുന്നു ആന്റണി.

ഈ സമയം ജീപ്പില്‍ വന്ന ജോയിയും മണിയന്‍ പിള്ളയും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യാനാണു കസ്റ്റഡിയിലെടുത്തത്. ജീപ്പില്‍ കയറ്റിയപ്പോഴായിരുന്നു ആക്രമണം.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് ആന്റണി.

നീണ്ടകാലത്തെ തിരച്ചിലിനൊടുവില്‍ പാലക്കാട് ഗോപാലപുരത്തുനിന്നു 2015 ഒക്ടോബര്‍ 13നു ചിറ്റൂര്‍ പൊലീസാണു പിടികൂടിയത്.

Top