ന്യൂഡല്‍ഹി: കത്വവ പീഡനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തിയതിലൂടെ രാജ്യ ശ്രദ്ധ നേടിയ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ അംഗത്വം സ്വീകരിക്കും.
കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് പുറത്തിറങ്ങി. ‘രാജ്യത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്‍ര്‍നാഷനലില്‍ വെച്ച് 2021 ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും,’ എന്നാണ് കത്തില്‍ പറയുന്നത്.
കത്വവ പീഡനക്കേസില്‍ നീതിക്ക് വേണ്ടി നിയമപോരാട്ടം നടത്തിയതിന് ദീപികയ്ക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉണ്ടായിട്ടുണ്ട്. ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആദ്യം ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയത്. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപികയോട് പറഞ്ഞത്. തുടര്‍ന്ന് ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്ന ‘വോയ്സ് ഫോര്‍ റൈറ്റ്സ്’ എന്ന സന്നദ്ധ സംഘടന നടത്തുന്നത് ദീപിക സിംഗ് രജാവതാണ്.