വനിതാ സംഘടനകള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടോയെന്ന് അഡ്വ.ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. സ്ത്രീസുരക്ഷയ്ക്കായി വേവലാതിപ്പെടുന്ന വനിതാ സംഘടനകളുടെ സംസാരശേഷി നഷ്ടപ്പെട്ടു പോയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ജലന്തർ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തർ വരെ പോയെങ്കിലും ഡിജിപി ഏമാൻ തിരിച്ചു വിളിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോർജും ബിഷപ്പിൻ്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്.

സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടിൽ. സഖാവ് ജോസഫൈൻ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആർ ഗൗരിയമ്മ മുതൽ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടർ ദേവിക മുതൽ ദീപാ നിഷാന്ത് വരെ അസംഖ്യം സാംസ്കാരിക നായികമാരുണ്ട്. സകലർക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.

നീതി തേടി ഏതാനും കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരമേയുളളൂ മേജർ ആർച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാൻ ആരുമില്ല.

ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടർന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാൽ നന്നായിരിക്കും.

Top